
പുറത്ത് കോരി ചൊരിയുന്ന മഴ..
വഴിയില്ലുള്ള ഇലകളെയെല്ലാം തട്ടി മാറ്റി ഭൂമിയെ ആര്‍ത്തിയോടെ ചുംബിക്കാനായ് ഒരുപാട് ദൂരം യാത്ര ചെയ്ത് വരുന്ന ആ മഴയെയും നോക്കി ഞാനും അവനും ഡൈനിംഗ് റൂമിലുള്ള ജനാലപ്പടിയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കുറേ സമയമായി..
ഞാന്‍ അവനെ കണ്ടുമുട്ടിയിട്ട് ഏകദേശം ഒരു വര്‍ഷം തികയുന്നു..
ഈ സമയത്തിനുള്ളില്‍ ഞങ്ങള്‍ പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചിട്ടുണ്ട്..പക്ഷെ പ്രണയം ഒരിക്കലും ഞങ്ങളുടെ സംസാര വിഷയമായിട്ടില്ല..ഒരിക്കലും അതേ കുറിച്ച് സംസാരിക്കണം എന്ന് തോന്നിയിട്ടുമില്ല.പക്ഷെ ഇന്ന് എല്ലാ ദിവസത്തെയും പോലെയായിരുന്നില്ല..രണ്ടു ഹൃദയങ്ങളും ആ മഴയെ സാക്ഷി നിര്‍ത്തി ഒളിപ്പിച്ചു വെച്ചിരുന്ന പ്രണയം തുറന്നു പറയാന്‍ വെമ്പുന്നുണ്ടായിരിന്നോ ??
ഞങ്ങളുടെ ഇടയിലെ നിശ്ശബ്ദത ഭഞ്ജിക്കാന്‍ സമയമായി എന്ന് തോന്നിയപ്പോള്‍..
അവനും അതാഗ്രഹിക്കുന്നുണ്ട് എന്ന് തോന്നിയപ്പോള്‍.. ഞാന്‍ ചോദിച്ചു:
“എന്നെ ഇഷ്ട്ടമാണോ ? ”
അടുത്ത നിമിഷം തന്നെ അവന്‍റെ മറുചോദ്യം “Gladiators-നെ അറിയോ? ”
“Hmm..അവര്‍ ജീവന്‍ പോലും കൊടുക്കാന്‍ തയാറാണ്..അവര്‍..”
“I can be a gladiator for you”
ഇത് പറഞ്ഞു കൊണ്ട് അവനെന്‍റെ വലതു കരത്തില്‍ പതിയെ സ്പര്‍ശിച്ചു..എന്‍റെ മനസ്സിലുണ്ടായിരുന്ന കോടാനുകോടി ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നു ആ സ്പര്‍ശനത്തില്‍.. അപ്പോള്‍ എന്‍റെ മനസ്സിലുണ്ടായ വികാരം ആരെയും പറഞ്ഞറിയിക്കാന്‍ എനിക്ക് കഴിയില്ല..ഞാന്‍ ആദ്യമായ് പ്രണയിച്ച മനുഷ്യന്‍ എന്നോട് പ്രണയം തുറന്നു പറഞ്ഞ നിമിഷം..എന്നും എന്നും എനിക്കോര്‍ക്കാനുള്ള ഒരു സുന്ദര സ്വപ്നമായ് ആ നിമിഷത്തെ മാറ്റാന്‍ ഞാന്‍ എന്‍റെ കണ്ണുകള്‍ പതിയെ അടച്ചു..
പാതി തുറന്നിട്ട ജനല്‍ പാളികളിലൂടെ മഴത്തുള്ളികള്‍ ഞങ്ങളുടെ മുഖത്ത് പതിക്കുന്നുണ്ടായിരിന്നു..അവന്‍റെ കൈകള്‍ക്കുള്ളില്‍ ഒതുങ്ങി ഇരിക്കുന്ന എന്‍റെ വലതു കരത്തെ ശല്യപ്പെടുത്താന്‍ തോന്നാത്തത് കൊണ്ട് ഇടതു കരം ഉപയോഗിച്ച് ആ മഴത്തുള്ളികള്‍ ഞാന്‍ തുടച്ചു മാറ്റി..എത്ര സമയം അങ്ങനെ ഇരുന്നുവെന്നെനിക്കറിയില്ല..
പെട്ടെന്നുള്ള ഇടിമുഴക്കം കേട്ട് കണ്ണുകള്‍ തുറന്നപ്പോള്‍ ഇരുട്ടായിരുന്നു എന്‍റെ ചുറ്റും ..എന്‍റെ കരങ്ങള്‍ അവന്‍റെ കരങ്ങളെ മുറുകെ പിടിച്ചിരിക്കുകയാണ്..മഴയുടെ ശബ്ദം കേള്‍ക്കുന്നില്ല…ഞാന്‍ അറിയാതെ എപ്പോഴോ മഴ നിന്നിരിക്കുന്നു..അപ്പോഴും എന്‍റെ മുഖത്ത് മഴത്തുള്ളികളുണ്ടായിരിന്നു.
മഴ നിന്നുട്ടും ഇടി മുഴക്കം നിലച്ചിട്ടില്ല..
ദൂരെ നിന്നും ഒരു സ്വരം എന്റെ കാതുകളില്‍ പതിച്ചു “ആശേ.. ആ ഗുഡ് നൈറ്റിന്റെ സ്വിച്ച് ഓണ്‍ ചെയ്തിട്ടുണ്ടോ എന്ന് ഒന്ന് നോക്ക്..ഈ കൊതുകിനെ അടിച്ചു കൊന്നു ഞാന്‍ മടുത്തു ..ഇനിയിപ്പോ കറന്റ് വന്നാലെ ഒന്നുറങ്ങാന്‍ പറ്റൂ.. ”
****#####@@@@@@@@@@@@@@*****
പിന്നീട് ഒരു മാജിക് കണ്ട അവസ്ഥയായിരുന്നു :
എന്റെ Gladiator-ന്റെ കൈകള്‍ ദിവ്യയുടെ കൈകളായി മാറി..
മുഖത്തെ മഴത്തുള്ളികള്‍ വിയര്‍പ്പുതുള്ളികളായ് ..
ഇടിയൊച്ച കൊതുകിനെ അടിച്ചു കൊല്ലുന്ന ശബ്ദവും..
ചെറിയ ചമ്മലോടെ ദിവ്യയുടെ കൈകളെ ഞാന്‍ സ്വതന്ത്രമാക്കി..മുഖത്തെ വിയര്‍പ്പുതുള്ളികള്‍ തുടച്ചു മാറ്റി.. അടുത്ത സ്വപ്നത്തിനു വേണ്ടി ഞാന്‍ കണ്ണുകളടച്ചു .. 
P.S : Gladiators-ന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാന്‍ ഇവിടെ നോക്കു
This entry was posted
on Friday, March 6th, 2009 at 11:45 pm and is filed under Malayalam.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
5 comments so far
Leave a reply